നിത്യതയിലേക്കുവേണ്ടി മിനുക്കുപണികള്‍
ബി.സി. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗ്രീക്ക് ചിത്രകാരനായിരുന്നു അപെല്ലസ്. അസാധാരണ പ്രതിഭാശാലിയായിരുന്ന അദ്ദേഹം തന്റെ ചിത്രങ്ങള്‍ക്ക് പൂര്‍ണത കൈവരുത്തുന്നതില്‍ എപ്പോഴും ശ്രദ്ധാലുവായിരുന്നു. തന്മൂലം അദ്ദേഹം തന്റെ പല പെയിന്റിംഗുകളും വീണ്ടും വീണ്ടും ടച്ചുചെയ്യുക പതിവായിരുന്നു.
ഒരിക്കല്‍ അദ്ദേഹം തന്റെ ഒരു ചിത്രത്തിന്റെ മിനുക്കുപണികള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ അദ്ദേഹത്തോടു ചോദിച്ചു: "എന്തുകൊണ്ടാണ് താങ്കള്‍ വീണ്ടും വീണ്ടും താങ്കളുടെ ചിത്രങ്ങള്‍ക്ക് മിനുക്കുപണികള്‍ ചെയ്യുന്നത്?'' അദ്ദേഹം പറഞ്ഞു: കാരണം, ഞാന്‍ ചിത്രം വരയ്ക്കുന്നതു നിത്യതയിലേക്കുവേണ്ടിയാണ്.''
തന്റെ അതുല്യസൃഷ്ടികള്‍ നിത്യകാലംവരെ നിലനില്‍ക്കണമെന്ന മോഹമുള്ള കലാകാരനായിരുന്നു അപെല്ലസ്. അതുപോലെ തന്റെ കലാസൃഷ്ടികള്‍ക്ക് എക്കാലവും അംഗീകാരം ലഭിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. തന്മൂലമാണ് വളരെ ശ്രദ്ധാപൂര്‍വം ചിത്രങ്ങള്‍ വരയ്ക്കുവാന്‍ അദ്ദേഹം തയാറായത്.
നിത്യതവരെ നീണ്ടുനില്‍ക്കുന്ന ജീവിതം ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. അതുപോലെ, നമ്മുടെ നിത്യകാല ജീവിതം ഏറ്റവും സന്തോഷപൂര്‍ണമായിരിക്കണമെന്നും നാം ആഗ്രഹിക്കുന്നു. എന്നാല്‍, അതിനായി നാം ഇപ്പോള്‍ എന്തുചെയ്യുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം.
നിത്യസൌഭാഗ്യത്തിലേക്ക് കണ്ണുംനട്ടിരിക്കുന്ന നമ്മള്‍ ആ സൌഭാഗ്യം ഉറപ്പുവരുത്തുവാനായി ഇപ്പോള്‍ എന്തുചെയ്യുന്നു എന്ന് ആലോചിക്കുന്നത് നല്ലതാണ്.
നമ്മുടെ അനുദിന ജീവിതം സന്തോഷപൂര്‍ണവും സൌഭാഗ്യപൂര്‍ണവുമാക്കുവാന്‍ നാം എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാറുണ്ട്! ഈ ലോകജീവിതം സുരക്ഷിതവും സുഭദ്രവുമാക്കുവാന്‍ നാം എന്തു കഷ്ടപ്പാടുകള്‍ സഹിക്കുവാനും തയാറാണ്. എത്രയോ ആളുകള്‍ വീടും നാടുംവിട്ട് അന്യനാടുകളില്‍പോയി അവിടത്തെ ഭാഷ പഠിച്ചു കഷ്ടപ്പെട്ടു ജോലിചെയ്തു ജീവിക്കുന്നു. അഭിനന്ദനാര്‍ഹമായ കാര്യമാണിത്.
അല്പകാലം മാത്രം നീണ്ടുനില്‍ക്കുന്ന ഈ ലോകജീവിതം സുരക്ഷിതമാക്കുവാന്‍വേണ്ടി നാം എന്തുക്ളേശവും സഹിക്കുവാന്‍ തയാറാകുമ്പോള്‍ നിത്യസൌഭാഗ്യം ഉറപ്പുവരുത്തുവാന്‍വേണ്ടി നമ്മില്‍ പലരും എത്രയോ കുറച്ചു താത്പര്യം മാത്രം പ്രകടിപ്പിക്കുന്നു! നിത്യതയെക്കുറിച്ചു സംസാരിക്കുന്നതുതന്നെ പലര്‍ക്കും അനിഷ്ടകരമാണ്.
അനശ്വരമായ ജീവിതത്തെ അവഗണിക്കുകയും നശ്വരമായ ജീവിതത്തെ മാത്രം ശ്രദ്ധിക്കുകയും ചെയ്യുന്നവരെക്കുറിച്ചു എന്തുപറയണം? സാധാരണ രീതിയില്‍ അവര്‍ ബുദ്ധിമാന്മാരാണെങ്കിലും അവരുടെ ബുദ്ധിമാഹാത്മ്യത്തെ നമുക്കു വിലമതിക്കാനാവുമോ?
ഒരിക്കലൊരു യുവപണ്ഡിതന്‍ സര്‍വ്വസംഗ പരിത്യാഗിയായ ഒരു യതിവര്യനോട് ആധ്യാത്മിക കാര്യങ്ങള്‍ സംസാരിക്കാനിടയായി. സംഭാഷണത്തിനിടയില്‍ യുവപണ്ഡിതന്‍ സന്യാസിയോടു ചോദിച്ചു: "അങ്ങു വിചാരിക്കുന്നതുപോലെ സ്വര്‍ഗവും നരകവുമൊന്നും ഇല്ലെന്നു കരുതുക. അപ്പോള്‍ അങ്ങയുടെ സ്ഥിതി എന്തായിരിക്കുമെന്ന് ഊഹിക്കാമോ?
അപ്പോള്‍ സന്യാസി ചെറുപ്പക്കാരനോടു പറഞ്ഞു. "നിങ്ങള്‍ പറഞ്ഞതുപോലെ സ്വര്‍ഗവും നരകവുമൊന്നും ഇല്ലെങ്കില്‍ എന്റെ സ്ഥിതി ദയനീയംതന്നെ എന്നു തോന്നിയേക്കാം. എന്നാല്‍ സ്വര്‍ഗവും നരകവും നിത്യതയുമൊക്കെ ഉണ്െടന്നു കരുതുക. അപ്പോള്‍ നിങ്ങളുടെ സ്ഥിതി എന്തായിരിക്കും?
നാം കണ്ണടച്ചതുകൊണ്ടുമാത്രം പ്രകാശം അപ്രത്യക്ഷമാകില്ല. അതുപോലെ നിത്യതയില്ലെന്നു നാം പറഞ്ഞതുകൊണ്ടുമാത്രം നിത്യത ഇല്ലാതാകുന്നില്ല. റോബര്‍ട്ട് ഹാള്‍ എന്ന ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നതുപോലെ, എല്ലാം ചലിക്കുന്നതു നിത്യതയിലേക്കാണ്. ആ നിത്യതയില്‍ ഒന്നുചേരുമ്പോള്‍ മാത്രമേ നമ്മുടെ ജീവിതവും സ്ഥായിയായിത്തീരുകയുള്ളു.
നമ്മുടെ ചക്രവാളസീമകള്‍ക്കപ്പുറത്തും ലോകമുണ്ട്. ആ ലോകം നിത്യതവരെ നീണ്ടുപോകുന്ന ലോകമാണ് എന്നതു നമുക്കു മറക്കാതിരിക്കാം. അതുപോലെ, നിത്യതയില്‍ അലിഞ്ഞുചേരേണ്ട ജീവിതമാണ് നമ്മുടേതെന്നും നമുക്കോര്‍മിക്കാം. അതനുസരിച്ച് നമ്മുടെ ജീവിതത്തെ നമുക്കു ക്രമീകരിക്കാം.
നിത്യതയിലേക്കു കണ്ണുംനട്ട് ചിത്രംവരച്ച അപെല്ലസിനെപ്പോലെ നിത്യതയെ ലക്ഷ്യമാക്കി നമ്മുടെ ജീവിതചിത്രത്തിന്റെ കാന്‍വാസില്‍ നമുക്ക് നിറക്കൂട്ടുകള്‍ ചേര്‍ക്കാം. അപ്പോള്‍ നമ്മുടെ ജീവിതത്തെക്കുറിച്ച് ഇന്നുമെന്നും നമുക്ക് സന്തോഷിക്കാനാവും.
തുടക്കവും ഒടുക്കവുമില്ലാത്തതാണ് നിത്യത. എന്നാല്‍ നാമാണെങ്കിലോ, തുടക്കവും ഒടുക്കവും ഉള്ളവരും. നമ്മുടെ തുടക്കം യഥാര്‍ഥമാണെങ്കിലും ഒടുക്കം ഒരിക്കലും യഥാര്‍ഥമല്ല. കാരണം, നമ്മുടെ ജീവിതത്തിന്റെ ഒടുക്കമെന്നു നാം വിചാരിക്കുന്നത് നിത്യതയിലേക്കുള്ള പങ്കുചേരല്‍ മാത്രമാണ്.
നിത്യതയിലേക്കുള്ള നമ്മുടെ പങ്കുചേരല്‍ സൌഭാഗ്യപ്രദമായ രീതിയിലായിരിക്കും എന്ന് ഉറപ്പുവരുത്തുവാനുള്ള ചുമതല നമ്മുടേതാണ്. അക്കാര്യം മറന്നിട്ടു നാം മറ്റെന്ത് ഓര്‍മിച്ചാലും അതുകൊണ്ട് യാതൊരു പ്രയോജനവുമുണ്ടാവില്ലെന്നതാണു വസ്തുത.
നിത്യതയിലേക്കു നോക്കി നമ്മുടെ ജീവിതചിത്രം നമുക്കു വരയ്ക്കാം. നിത്യതയിലേക്കു നോക്കിക്കൊണ്ടുതന്നെ നമ്മുടെ ജീവിതചിത്രത്തില്‍ വീണ്ടും വീണ്ടും മിനുക്കുപണികളും നമുക്കു ചെയ്യാം.
No comments:
Post a Comment