Friday, March 21, 2014

മരണം



ദിനന്തോറും ലക്ഷക്കണക്കിന് മരണം ലോകത്തില്‍ സംഭവിക്കുന്നു. അതു നമ്മെ അസ്വസ്ഥരാക്കുന്നില്ല. അതൊരു സാധാരണ സംഭവമല്ലേ എന്നു വിചാരിച്ചു ലോകവ്യാപാരങ്ങളില്‍ നിമഗ്നരായി നാം ദിവസം കഴിച്ചുകൂട്ടുന്നു. നമുക്ക് പ്രിയപ്പെട്ടവരെ മരണം അപഹരിക്കുമ്പോഴാണ് അതിന്റെ ക്രൂരതയും, അതുണ്ടാക്കുന്ന നഷ്ടവും അനുഭവപ്പെടുന്നത്. അപ്പോള്‍ നാം നിരാശരായി ജീവിതത്തെ വെറുക്കുന്നു. വിധിയെ പഴിക്കുന്നു. നികത്തുവാന്‍ വയ്യാത്ത ഒരു വിടവു ജീവിതത്തില്‍ വന്നുചേര്‍ന്നതായി തോന്നുന്നു. എത്രയോ ആളുകളെ ചുറ്റും കാണുന്നുണ്ടെങ്കിലും നാം തനിയെയാണെന്ന തോന്നല്‍ മനസ്സിലുണ്ടാകുന്നു. മറ്റുള്ളവരുടെ സാന്ത്വനവാക്കുകള്‍ ആ സമയത്ത് നാം ശ്രദ്ധിക്കുന്നില്ല. വേദനയില്‍ വെന്തുരുകി, തനിയെ ഒരിടത്തിരുന്ന്, എന്നെന്നേക്കുമായി പിരിഞ്ഞുപോയ ആ പ്രിയപ്പെട്ട രൂപത്തെ മനസ്സില്‍ കണ്ടുകൊണ്ട് കഴിഞ്ഞുപോയ കാലത്തെപ്പറ്റി ചിന്തിച്ചു കണ്ണീര്‍ വാര്‍ക്കുന്നതായിരിക്കും അപ്പോഴത്തെ സ്ഥിതിയില്‍ സ്വല്പമെങ്കിലും ആശ്വാസമുണ്ടാക്കുക.
സര്‍വ്വശക്തന്റെ കാരുണ്യം എന്നിലില്ലാതായിപ്പോയോ എന്നുപോലും ഞാന്‍ സംശയിച്ചു. അതെന്റെ ഭോഷത്വമല്ലേ? ഈശ്വരന്റെ നിശ്ചയങ്ങള്‍ക്കുണ്ടോ വല്ല തെറ്റും അനീതിയും? കാലചക്രം തിരിഞ്ഞുകൊണ്ടിരിക്കുന്നതിനനുസരിച്ച് ആ മഹച്ഛക്തിയുടെ പിഴവില്ലാത്ത നിയമവും പ്രവര്‍ത്തിക്കുന്നു. അറിയുവാന്‍ വയ്യാത്തതിനെ നമ്മുടെ എളിയ ബുദ്ധികൊണ്ട് അറിവാന്‍ ശ്രമിക്കുമ്പോള്‍ കാര്യകാരണങ്ങളുടെ ബന്ധവും സംഭവങ്ങളുടെ അര്‍ഥവും മനസ്സിലാകാതെ നാം അമ്പരക്കുന്നു.



മരണാനന്തരജീവിതം കെ.പി.കേശവമേനോന്‍