Monday, October 20, 2014

ദീർഘക്ഷമ അനുഗ്രഹത്തിന്റെ വഴി



ദീർഘക്ഷമയോടുകൂടിയുള്ള പ്രാർത്ഥന അനുഗ്രഹദായകമാണ്. നമ്മളിൽ പലരും ഒത്തിരിയേറെ പ്രാർത്ഥിക്കുന്നവരാണ്. പ്രിയപ്പെട്ടവരുടെ മാനസാന്തരത്തിനുവേണ്ടി, രോഗസൗഖ്യത്തിനുവേണ്ടി, കടബാധ്യതകൾ മാറാൻ വേണ്ടി, വസ്തുവില്പനയ്ക്കുവേണ്ടി,  കുടുംബസമാധാനത്തിനുവേണ്ടി എന്നിങ്ങനെ അനേകകാര്യങ്ങൾക്കായി നാം പ്രാർത്ഥിക്കുന്നു. നാം പ്രാർത്ഥിക്കുന്ന കാര്യങ്ങൾക്കുള്ള ഉത്തരം ഉടനെ ലഭിക്കണമെന്ന് നാം ശാഠ്യം പിടിക്കുന്നു. പക്ഷേ, പല പ്രാർത്ഥനകളുടെയും ഉത്തരം ഉടൻതന്നെ ലഭിക്കാറില്ല. 

നമ്മുടെ പ്രാർത്ഥനകൾക്ക് അത് ചെറുതോ വലുതോ ആകട്ടെ, ദൈവത്തിന് ഉത്തരം നല്കാൻ ഒരു സമയമുണ്ട്. ചിലപ്പോൾ അത് ഇന്നുതന്നെയാകാം. ഒരുപക്ഷേ, അതു നാളെയാകാം. മറ്റു ചിലപ്പോൾ മാസങ്ങൾക്കോ വർഷങ്ങൾക്കോ ശേഷമാകാം. വീണ്ടും ഒരുപക്ഷേ, നമ്മുടെ മരണത്തിനുപോലും ശേഷമാകാം. എന്തുതന്നെ ആയാലും ദൈവം നമ്മുടെ എല്ലാ പ്രാർത്ഥനകൾക്കും ഉത്തരം നല്കുന്നുണ്ട്. അവിടുത്തെ സമയത്തിനുവേണ്ടി ദീർഘക്ഷമയോടെ കാത്തിരിക്കുക എന്നതാണ് ഏറ്റവും പ്രധാനമായ സംഗതി.
ഒന്ന് സാമുവൽ ഒന്നാം അധ്യായത്തിൽ പുരോഹിതനായ സാമുവലിന്റെ അമ്മയായ ഹന്നായുടെ ദീർഘക്ഷമയോടുകൂടെയുള്ള പ്രാർത്ഥന വിവരിക്കുന്നുണ്ട്. ഹന്ന, ദൈവതിരുസന്നിധിയിലും മനുഷ്യരുടെ മുൻപിലും പ്രീതികരമായി ജീവിച്ചിരുന്നവളെങ്കിലും അവൾക്ക് മക്കളില്ലായിരുന്നു. അവൾ ദിവസവും ദൈവസന്നിധിയിൽ ഒരു കുഞ്ഞിനുവേണ്ടി ദാഹിച്ചു പ്രാർത്ഥിച്ചിരുന്നുവെങ്കിലും, വളരെ വർഷങ്ങൾ കടന്നുപോയിട്ടും അവളുടെ പ്രാർത്ഥനയ്ക്ക് ദൈവസന്നിധിയിൽനിന്നും ഉത്തരം ലഭിച്ചിരുന്നില്ല. അവൾ തന്റെ ഭർത്താവായ എൽക്കാനക്ക് ഏറ്റം പ്രിയങ്കരിയായിരുന്നു. അതുകൊണ്ടുതന്നെ തന്റെ സപത്‌നിയായ പെനീനാ ഹന്നായെ അവളുടെ വന്ധ്യതയെപ്പറ്റി നിന്ദിച്ചിരുന്നു. കാലങ്ങളോളം നീണ്ടുനിന്ന പെനീനായുടെ 'മച്ചി' എന്നുള്ള വിളികേട്ട് ഹന്നായുടെ ഹൃദയം ഏറെ ദുഃഖപൂരിതമായിരുന്നു. പക്ഷേ, അവൾ തന്റെ പ്രാർത്ഥന ഒരിക്കലും ഉപേക്ഷിച്ചില്ല എന്നു മാത്രമല്ല, ദൈവം തന്റെ പ്രാർത്ഥനയ്ക്ക് തീർച്ചയായും ഉത്തരം നല്കുമെന്ന് വിശ്വസിച്ച് ദീർഘക്ഷമയോടെ അതിനായി കാത്തിരിക്കുകയും ചെയ്തു.

അങ്ങനെ ഏറെ നാളായിട്ടുള്ള ഹന്നായുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നല്കുവാനുള്ള ദൈവത്തിന്റെ സമയമെത്തി. ഹന്നായുടെ ഭർത്താവായ എൽക്കാന തന്റെ രണ്ടു പത്‌നിമാരോടും പെനീനായിൽ ജനിച്ച തന്റെ മക്കളോടുംകൂടെ ദൈവത്തിന് ബലിയർപ്പിക്കാനായി തന്റെ പട്ടണത്തിൽനിന്ന് ഷീലോയിലേക്ക് എല്ലാ വർഷവും പോവുക പതിവായിരുന്നു. ഇത്തവണയും അവൾ പറഞ്ഞറിയിക്കാനാവാത്ത ഹൃദയവ്യഥയോടെ കർത്താവിന്റെ ബലിപീഠത്തിനുമുൻപിൽ കരഞ്ഞുകൊണ്ട് തന്റെ പ്രാർത്ഥനകൾ അർപ്പിച്ചു. അത്യധികമായ അവളുടെ ദുഃഖം നിമിത്തം അവളുടെ കണ്ണിൽനിന്ന് കണ്ണുനീർ ധാരധാരയായി ഒഴുകി. അവളുടെ ഹൃദയവ്യഥ ഒരു ഭ്രാന്തിയെപ്പോലെ ചുണ്ടുകൾ ചലിപ്പിച്ച് അവൾ ദൈവസന്നിധിയിൽ ചൊരിഞ്ഞു. ഏറെനേരം ഇതു കണ്ടുകൊണ്ടിരുന്നപ്പോൾ ദേവാലയത്തിലെ പുരോഹിതനായ ഏലി അവളെ മദ്യപിച്ചവളെന്ന് തെറ്റിദ്ധരിച്ച് ശാസിച്ചു. ''എത്രനേരം നീ ഉന്മത്തയായിരിക്കും? നിന്റെ ലഹരി അവസാനിപ്പിക്കുക.'' 

അവൾ ഏറ്റം താഴ്മയോടെ പുരോഹിതനായ ഏലിയുടെ അടുത്ത് തന്റെ കഷ്ടസ്ഥിതി തുറന്നു പറഞ്ഞു. അപ്പോൾ ഏലി അവളെ അനുഗ്രഹിച്ചുകൊണ്ടു പറഞ്ഞു: ''സമാധാനമായി പോവുക, ഇസ്രായേലിന്റെ ദൈവം നിന്റെ പ്രാർത്ഥന സാധിച്ചുതരട്ടെ.'' കർത്താവിന്റെ അനുഗ്രഹം അവളുടെമേൽ പെയ്തിറങ്ങിയ നിമിഷമായിരുന്നു അത്. ആരാധനയ്ക്കുശേഷം അവർ ദൈവത്തിന്റെ ആലയത്തിൽനിന്ന് റാമായിലുള്ള സ്വഭവനത്തിൽ എത്തിച്ചേർന്നു. എൽക്കാന തന്റെ ഭാര്യയായ ഹന്നായെ പ്രാപിച്ചു. ആ രാത്രിയിൽത്തന്നെ അവൾ ഗർഭം ധരിച്ചു. അവൾ ഒരു പുത്രനെ പ്രസവിച്ചു. ''ഞാൻ അവനെ കർത്താവിനോട് ചോദിച്ചുവാങ്ങിയതാണ്'' എന്നു പറഞ്ഞ് ഹന്നാ അവന് സാമുവൽ എന്ന് പേരിട്ടു. ഈ കുഞ്ഞാണ് പില്ക്കാലത്ത് ദൈവത്തെ സേവിച്ച ന്യായാധിപനായ സാമുവൽ. താൻ കർത്താവിനോടു ചെയ്ത നേർച്ചപ്രകാരം ഹന്നാ അവനെ മുലകുടി മാറിയപ്പോൾ ദേവാലയത്തിൽ കാഴ്ചവച്ചു. അങ്ങനെ അവൻ എന്നേക്കും ദൈവത്തിന്റേതായി.

വളരെ നന്നായി ജീവിച്ചിട്ടും ഒത്തിരിയേറെ പ്രാർത്ഥിച്ചിട്ടും ഹന്നായുടെ ജീവിതത്തിൽ കണ്ണുനീർ തോരാത്ത നാളുകൾ ഏറെയുണ്ടായിരുന്നു. എങ്കിലും അവൾ നിരാശപ്പെട്ടില്ല. ഇസ്രായേലിന്റെ ദൈവമായ കാരുണ്യവാനായ കർത്താവ് തന്റെ പ്രാർത്ഥന കേൾക്കുമെന്ന് അവൾ വിശ്വസിച്ചു. കർത്താവ് കാരുണ്യപൂർവം തനിക്ക് ഉത്തരം നല്കുന്ന ദൈവകാരുണ്യത്തിന്റെ ദിനത്തിനുവേണ്ടി അവൾ പ്രാർത്ഥനാപൂർവം കാത്തിരുന്നു. ദൈവത്തിന്റെ സമയത്ത് അവൾക്ക് ആ ഉത്തരം ലഭിക്കുകയും ചെയ്തു. ഹന്നാ ഒരു സാധാരണ കുഞ്ഞിനെയാണ് ചോദിച്ചത്. എന്നാൽ, ദൈവം അവൾക്ക് ന്യായാധിപനായിത്തീരേണ്ട മകനെ നല്കി.

നമ്മുടെ ജീവിതങ്ങളെ നമുക്കൊന്ന് പരിശോധിച്ചുനോക്കാം. കണ്ണുനീരോടെയുള്ള നമ്മുടെ പ്രാർത്ഥനകൾക്ക് നമ്മൾ ഉദ്ദേശിച്ച സമയത്ത് ഉത്തരം ലഭിച്ചില്ല എന്ന കാരണത്താൽ നാം നിറുത്തിവച്ചുപോയിട്ടില്ലേ? പല പ്രാർത്ഥനകളും നമ്മൾ മറന്നുതന്നെ പോയിട്ടുണ്ടാകാം. എന്നാൽ, കർത്താവ് പറയുന്നു ''പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്ന് വിശ്വസിക്കുവിൻ; നിങ്ങൾക്ക് ലഭിക്കുകതന്നെ ചെയ്യും'' (മർക്കോ. 11:24).