മോഹഭംഗങ്ങളെ അഭിമുഖീകരിക്കുമ്പോള്‍
1. മോഹങ്ങള്‍ക്ക് ഒരയഥാര്‍ഥ തലമുണ്ട്. എന്നാല്‍ ഈ അയഥാര്‍ഥ തലത്തെ യാഥാര്‍ഥ്യബോധത്തോടെ കാണാന്‍ ശീലിക്കുക. മോഹങ്ങളോട് വൈകാരികമായ ഒരടുപ്പമുണ്ടാവും. എന്നാല്‍ യുക്തിയോടെ അവയെ കാണാന്‍ ശ്രമിക്കുക.
2. കൊച്ചു മോഹങ്ങള്‍ സഫലീകരിക്കാന്‍ കഠിനശ്രമങ്ങളോ കൂടുതല്‍ സമയമോ ആവശ്യമായി വരുന്നില്ല. അവ നിറവേറ്റാന്‍ സമയം കണ്ടെത്തുക. സാധ്യമാകുന്ന മോഹങ്ങള്‍ കൈയൊഴിയേണ്ടതില്ല.
3. ചില മോഹങ്ങള്‍ സഫലീകരിക്കാന്‍ കൂടുതല്‍ ശ്രമവും സമയവും വേണ്ടിവരും. അവയെ മൂര്‍ത്തമായ ലക്ഷ്യങ്ങളാക്കി മാറ്റണം. മോഹങ്ങളെ അമൂര്‍ത്തതലത്തില്‍നിന്നും മാറ്റിയെടുക്കാനും അതുകൊണ്ട് കഴിയുന്നു. ലക്ഷ്യങ്ങളില്‍ നിന്ന് അപ്പോള്‍ 'ഉന്ന'ങ്ങള്‍ കേന്ദ്രീകരിക്കാനും കഴിയും. ഇത്തരം മോഹങ്ങളെ സഫലീകരിക്കാന്‍ ക്രമാനുസൃതമായി ചിട്ടപ്പെടുത്തിയ ശ്രമങ്ങള്‍ വേണ്ടിവരും.
4. മോഹസഫലീകരണത്തില്‍ അമിതമായി ആഹ്ലാദിക്കുകയോ ആവേശംകൊള്ളുകയോ ചെയ്യാതിരിക്കുക.
5. ചില മോഹങ്ങള്‍ അപ്രതീക്ഷിതമായി തകരുന്നു. അത് ഇച്ഛാഭംഗത്തിനും നിരാശക്കും കാരണമാകാവുന്നതാണ്. കഴിയാവുന്നത്ര യാഥാര്‍ഥ്യബോധത്തോടെ ഇത്തരം സന്ദര്‍ഭങ്ങളെ കൈകാര്യം ചെയ്യാന്‍ പരിശീലിക്കേണ്ടതുണ്ട്.
6. മോഹഭംഗങ്ങളെ അതിജീവിക്കാന്‍ സ്വസ്ഥമായ ചുറ്റുവട്ടം ആവശ്യമാണ്. ഇഷ്ടപ്പെടുന്നവരുടെ സാന്നിധ്യം, ഇഷ്ടവിഷയങ്ങളിലുള്ള പ്രവര്‍ത്തനം എന്നിവ പ്രയോജനകരമായിരിക്കും. ചുറ്റുവട്ടം പ്രതികൂലമാണെങ്കില്‍ അവയില്‍നിന്ന് മാറിനില്‍ക്കാവുന്നതുമാണ്. പുതിയ ഒരു സാഹചര്യത്തിലേക്ക് 'പറിച്ചു നടുക.'
7. പ്രാര്‍ഥന, ധ്യാനം എന്നിവയിലൂടെ മോഹഭംഗങ്ങളെ അഭിമുഖീകരിക്കാന്‍ ശീലിക്കുക.
8. ഒരു കാര്യത്തില്‍ മോഹഭംഗമുണ്ടായാല്‍, അടുത്തതോ പകരം നില്‍ക്കുന്നതോ ആയ മോഹത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. അവ നിറവേറ്റാന്‍ ശ്രമിക്കുക.
9. മോഹങ്ങള്‍ തകരുമ്പോള്‍ ഉറക്കം നഷ്ടപ്പെടുക, ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാതെ പോവുക, മറ്റുള്ളവരോട് അകാരണമായി ദേഷ്യം തോന്നുക തുടങ്ങിയ സാഹചര്യങ്ങളുണ്ടാവുകയാണെങ്കില്‍, അവ ദീര്‍ഘമായും കുറെ ദിവസങ്ങളായും നീണ്ടുനില്‍ക്കുന്നുവെങ്കില്‍ പ്രൊഫഷണലുകളുടെ സഹായം തേടുക.
10. മോഹഭംഗങ്ങളുടെ നിമിഷങ്ങളില്‍ പുകവലി, മദ്യം, മയക്കുമരുന്ന്, ആത്മഹത്യാ ചിന്ത എന്നിവയില്‍നിന്ന് പൂര്‍ണമായും മാറിനില്‍ക്കുക.